അതിസങ്കീർണമായ സാഹചര്യത്തിലൂടെയാണ് ലോകവും രാജ്യവും കടന്നുപോയികൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ജനജീവിതത്തെ ആകെ താറുമാറാക്കി സംഹാര താണ്ഡവമാടി മുന്നോട്ട് പോകുമ്പോൾ പലതും നമുക്ക് വാക്കുകളിലും എഴുതുകളിലും ഒതുക്കി നിർത്തേണ്ടി വരുന്നു.നീണ്ട 37 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ പ്രിയ പ്രധാനധ്യാപകൻ ശ്രീ.എൻ.സുബ്രഹ്മണ്യൻ മാസ്റ്റർക്ക് നൽകേണ്ടിയിരുന്ന യാത്രയയപ്പ് ഒരുപക്ഷെ ഈ നാട് കോവിഡ് മഹാമാരിയുടെ കൈപിടിയിൽ അല്ലായിരുന്നെങ്കിൽ കുഞ്ഞിമംഗലം ഇതുവരെ കാണാത്ത ജനകീയ യാത്രയയപ്പായി മാറുമായിരുന്നേനെ. അത്രമേൽ ഈ അധ്യാപകൻ വിദ്യാലയത്തിനും നാടിനും പ്രിയപ്പെട്ടവനായി മാറിയിരുന്നു.
ഒരു പ്രധാനധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതന്ന, വെല്ലുവിളികളെ എങ്ങനെ അതിജീവിക്കണമെന്ന് കാണിച്ചു തന്ന ഒരു 'ക്യാപ്റ്റനെയാണ്' വിദ്യാലയത്തിന് നഷ്ടമാകുന്നത്.
അധ്യാപനത്തിന്റെ കർമ്മപഥങ്ങളിൽ സഹപ്രവർത്തകർക്കൊപ്പം താങ്ങായും സഹോദരതുല്ല്യം കൂടെനിന്നുകൊണ്ടും കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹപ്രവർത്തകർക്കും അതൊടൊപ്പം നാട്ടുകാർക്കും കരുതലിന്റെ ലാളിത്യം കാത്തുസൂക്ഷിച്ച സുബ്രഹ്മണ്യൻമാസ്റ്ററുടെ സമീപനം പ്രശംസനീയവും മാതൃകാപരവുമാണ്. ഏതൊരു പ്രശ്നങ്ങളും ചിരിച്ചുകൊണ്ട് നേരിടുന്ന വ്യക്തിത്വം, മികച്ചസംഘാടകമികവ്, ഇതൊക്കെയാണ് മാഷിനെ ജനകീയനാക്കി മാറ്റിയത്.
സ്കൂൾ സ്റ്റാഫ്,പിടിഎ, വികസനസമിതി, നാട്ടുകാർ തുടങ്ങി സമൂഹത്തിലെ എല്ലാ വ്യക്തികളുമായി നല്ല ബന്ധംപുലർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . പ്രധാനധ്യാപകനായി വിദ്യാലയത്തിലേക്ക് തിരികെയെത്തുമ്പോൾ അധ്യാപന ജീവിതത്തിന്റെ അവസാന കാലയളവുകൾ വെല്ലുവിളികളുടേതായിരുന്നു. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുവന്നെങ്കിലും വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധിയായി മുന്നിൽ നിന്നിരുന്നു. മാഷിന്റെ നേതൃത്വപരമായ ഇടപെടലിന്റെ ഭാഗമായി അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്തിയത്തോടെ ഓരോ അദ്ധ്യയനവർഷത്തിലും വിദ്യാർത്ഥികളുടെ ഗണ്യമായ വർധനവാണ് വിദ്യാലയത്തിന് ഉണ്ടായത്.
മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് കളിസ്ഥലം ഇല്ലാത്തത് വലിയ പരിമിതിയായി നിലനിന്ന ഘട്ടത്തിൽ, ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി 'നാടിനൊരു കളിസ്ഥലം' സ്വന്തമാക്കാൻ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് ഒരു നാടിനെയാകെ കൈ പിടിച്ച് മുന്നോട്ട് നയിക്കാൻ മാഷ് കാണിച്ച ആ തൻ്റേടം ഈ നാട് മറക്കാനിടയില്ല. വെല്ലുവിളികളെ സധൈര്യം നേരിടുകയും ലക്ഷ്യപൂർത്തീകരണത്തിന് നാടിനെ ഒറ്റക്കെട്ടായി നയിക്കുകയും ചെയ്ത മാഷ് സാമൂഹ്യ ഇടപെടലിന്, ജനകീയ കൂട്ടായ്മയ്ക്ക് എന്തൊക്കെ അദ്ഭുതങ്ങൾ ഉണ്ടാക്കാം എന്ന് നാടിന് കാണിച്ചുതന്നു.
വിദ്യാലയത്തിന്റെ ശതാബ്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 5 ദിവസം നീണ്ടു നിന്ന ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനിക-നവോത്ഥാന പ്രദർശനം 'റെറ്റിന 2020' അക്ഷരർത്ഥത്തിൽ ഒരു നാടിന്റെ ജനകീയ ഉത്സവമാക്കിമാറ്റിയതിൽ മാഷ് വഹിച്ച സംഘാടക മികവ് എടുത്ത് പറയേണ്ടതാണ്. സ്കൂളിൽ പരിപാടികളുടെ മുന്നൊരുക്കങ്ങൾക്കായി ഞങ്ങളോടെപ്പം രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ ഞങ്ങളിൽ ഒരാളായി മാഷ് ഉണ്ടാകും.
ഇന്ന് കാണുന്ന നിലയിൽ ഈ വിദ്യാലയത്തെ ഉയർച്ചയുടെ പടവുകളിലെത്തിച്ചതിൽ മാഷ് വഹിച്ച പങ്ക് ഈ നാട് വിസ്മരിക്കില്ല.
അധ്യാപന ജീവിതത്തിൽ നിന്നും വിടപറയുന്ന ഈ അധ്യാപകന്റെ നഷ്ടം വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അത്രമേൽ നികത്താനാവാത്തതാണ്.
വിരമിക്കൽ ഒരു പുതിയ തുടക്കമാണ്, അതിനർത്ഥം അടുത്ത അധ്യായം ആരംഭിക്കുന്നു എന്നാണ്. ആസ്വാദകരമായ നിരവധി പ്രവർത്തനങ്ങൾ ജീവിതത്തിൽ നിറവേറ്റാനുള്ള സമയം.
പ്രായം ഒരു സംഖ്യ മാത്രമാണ്, ഒരു മനുഷ്യന് തന്റെ അനുഭവങ്ങളിൽ നിന്നും ഒരിക്കലും വിരമിക്കാൻ കഴിയില്ല.
പ്രിയപ്പെട്ട മാഷിന് ആശംസകൾ നേരുന്നു

No comments:
Post a Comment